Showing posts with label നേർച്ച. Show all posts
Showing posts with label നേർച്ച. Show all posts

27/10/2017

നേർച്ച. വിശദമായി.

ശപഥം ചെയ്യുക, വഴിപാട്‌ നേരുക എന്നിങ്ങനെയുള്ള അര്‍ത്ഥങ്ങളാണ്‌ നേര്‍ച്ചയെന്ന പദത്തിന്‌ ശബ്ദതാരാവലി നല്‍കുന്നത്‌(പേജ്‌ 2125) പള്ളികളിലേക്കും മറ്റും കൊടുക്കാന്‍ നിശ്ചയിച്ച ധനവും മറ്റുവസ്‌തുക്കളുമാണ്‌ നേര്‍ച്ചയെന്ന്‌ അതില്‍ പറയുന്നു. പള്ളിക്കും മറ്റും പണംകൊടുക്കാന്‍ തീര്‍ച്ചപ്പെടുത്തുമ്പോഴാണ്‌ അത്‌ നേര്‍ച്ചയാവുക. മഹാന്‍മാരുടെ മഖ്‌ബറകളില്‍ പഴയകാലം മുതലേ നടന്നുവരുന്ന ആണ്ടനുസ്‌മരണങ്ങള്‍ ആണ്ടുനേര്‍ച്ചയെന്നപേരിലാണ്‌ അറിയപ്പെടുന്നത്‌
ഒരു കാര്യം ചെയ്യാന്‍ തീര്‍ച്ചപ്പെടുത്തുമ്പോള്‍ അത്‌ നേര്‍ച്ചയാക്കലാകുന്നു. അത്‌ വീട്ടല്‍ അപ്പോള്‍ നിര്‍ബന്ധമാവുന്നു.
വിശുദ്ധ ഖുര്‍ആനും ഹദീസുകളും കര്‍മ്മശാസ്‌ത്രഗ്രന്ഥങ്ങളുമൊക്കെ നേര്‍ച്ചയുടെ സാധുതകളും വിധികളും വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്‌. ‘ഫര്‍ളല്ലാത്ത ഒരു പുണ്യകര്‍മ്മത്തെ റശീദും മുകല്ലഫും മുസ്‌്‌ലിമുമായ ഒരാള്‍ നിര്‍ബന്ധമാക്കലാണ്‌ നേര്‍ച്ച(ഫത്‌ഹൂല്‍ മുഈന്‍ 224)
ഏതാണ്ടെല്ലാ കര്‍മ്മശാസ്‌ത്രഗ്രന്ഥങ്ങളിലും ഇതുതന്നെയാണ്‌ വ്യക്തമാക്കുന്നത്‌. ഇബ്‌നു ഹജര്‍(റ) പറയുന്നു: ശറഇല്‍ നേര്‍ച്ചയെന്നാല്‍ ഒരു ആരാധനാ കര്‍മ്മത്തെ നിര്‍ബന്ധമാക്കലാലുള്ള നന്മകൊണ്ടുള്ള ഉടമ്പടിയാണ്‌(തുഹ്‌ഫ 10/67)
ആരാധനാ കര്‍മ്മത്തെ നേര്‍ച്ചയാക്കിയാലേ നേര്‍ച്ച സ്വഹീഹാകുകയുള്ളൂ. ഇബ്‌നു ഹജര്‍(റ) വ്യക്തമാക്കുന്നു: അല്ലാഹുവിന്ന്‌ വഴിപ്പെടുന്നതിനുള്ള വസീലയാണ്‌ നേര്‍ച്ച. അല്ലാഹുവിന്‌ വഴിപ്പെടുന്നതിനുള്ള വസീലയും അവന്ന്‌ വഴിപ്പെടല്‍ തന്നെയാണ്‌(തുഹ്‌ഫ 10/ 67)
അല്ലാഹുവിന്ന്‌ വഴിപ്പെടാത്ത നേര്‍ച്ചകള്‍ സ്വീകാര്യമല്ലെന്ന്‌ ഇസ്‌മാഈല്‍ ഹഖ്‌(റ) പറയുന്നു(റൂഹുല്‍ ബയാന്‍ 10/ 264) ഫര്‍ള്‌ ഐനായ കാര്യത്തില്‍ നേര്‍ച്ച ഫലവത്തല്ല. അത്‌ നേരത്തെ നിര്‍ബന്ധമാകലാണ്‌ കാരണം. നിര്‍ബന്ധമായ കാര്യത്തെ വീണ്ടും നിര്‍ബന്ധമാക്കേണ്ട ആവശ്യമില്ലല്ലോ. അപ്രകാരം ഹലാലായ കാര്യത്തിലും നേര്‍ച്ച സ്വീകാര്യമല്ല. അല്ലാഹുവിന്റെ വജ്‌ഹ്‌ ആഗ്രഹിക്കാത്ത കാര്യത്തില്‍ നേര്‍ച്ചയില്ലെന്ന്‌ ഇമാം അബൂദാവൂദ്‌(റ) വ്യക്തമാക്കുന്നു. നേര്‍ച്ചയാക്കിയത്‌ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വീട്ടണമെന്ന കാര്യത്തില്‍ പണ്ഡിതന്‍മാര്‍ ഏകോപിച്ചിട്ടുണ്ട്‌. തെറ്റായ കാര്യം നിര്‍വ്വഹിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ അതൊരിക്കലും സ്വീകാര്യമാവുകയില്ല.
നേര്‍ച്ച മൂന്ന്‌ വിധത്തിലുണ്ട്‌. തബര്‍റുര്‍ അഥവാ നിരുപാധിക നേര്‍ച്ച, മുജാസാത്ത്‌ അഥവാ സ്വാപാധിക നേര്‍ച്ച, ലജാജ്‌ അഥവാ സത്യം ചെയ്യുന്നതിനോട്‌ സാദൃശ്യമുള്ള നേര്‍ച്ച എന്നിവയാണവ.
ഒരുപാധിയുമില്ലാതെ മുനജ്ജസായ വാക്കുകൊണ്ട്‌ സംഭവിക്കുന്ന നേര്‍ച്ചയാണ്‌ തബര്‍റുറായ നേര്‍ച്ച. നേര്‍ച്ചയാക്കിയ ഉടനെ അത്‌ വീട്ടല്‍ നിര്‍ബന്ധമാണ്‌. വ്യഴാഴ്‌ച നോമ്പെടുക്കാനോ, സുന്നത്ത്‌ നിസ്‌കരിക്കാനോ നേര്‍ച്ചയാക്കി എന്ന്‌ പറയല്‍ ഉദാഹരണം. എന്തെങ്കിലും ഉപാധിയോടെ നേരുന്ന നേര്‍ച്ചയാണ്‌ മുജാസാത്തായ നേര്‍ച്ച. രോഗം ശിഫയായാല്‍ ഞാന്‍ അല്ലാഹുവിന്ന്‌ നോമ്പെടുക്കാന്‍ നേര്‍ച്ചയാക്കിയെന്ന്‌ പറയുന്നത്‌ പോലെ. കാര്യം സാധിച്ചുകിട്ടിയ ഉടനെ ഈ നേര്‍ച്ചവീട്ടല്‍ നിര്‍ബന്ധമാണ്‌. ഒരു കാര്യം ഉപേക്ഷിക്കുന്നതിനോടോ ചെയ്യുന്നതിനോടോ ഒരു പുണ്യകര്‍മ്മത്തെ ബന്ധപ്പെടുത്തുന്ന നേര്‍ച്ചയാണ്‌ ലജാജായ നേര്‍ച്ച. ഇന്ന വ്യക്തിയെ ഞാന്‍ കാണില്ല, കണ്ടാല്‍ നോമ്പെടുക്കും എന്ന്‌ പറയുന്നത്‌ പോലെ. അങ്ങനെ നേര്‍ച്ചയാക്കിയ ശേഷം ആവ്യക്തിയെ കണ്ടാല്‍ സത്യം ചെയ്‌തതിന്‌ പശ്ചാത്താപം ചെയ്യുകയോ നേര്‍ച്ച വീടുകയോ ചെയ്‌താല്‍ മതിയാകും.
മറ്റൊരു കാര്യവുമായി നേര്‍ച്ചയെ ബന്ധപ്പെടുത്തുന്ന മുജാസാത്തായ നേര്‍ച്ച വീട്ടല്‍ നിര്‍ബന്ധമാണെന്നതില്‍ പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമില്ല. ഭക്ഷണത്തില്‍ വിശാലത ലഭിക്കാന്‍ കുടുംബ ബന്ധം ചേര്‍ക്കാന്‍ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്‌. ഇത്‌ കുടുംബ ബന്ധത്തെ മറ്റൊരു കാര്യവുമായി ബന്ധപ്പെടുത്തലാകുന്നില്ല. അത്‌പോലെ നബി(സ്വ)ക്ക്‌ വല്ല ബുദ്ധിമുട്ടുകളും ഉണ്ടായാല്‍ അവിടുന്ന്‌ നിസ്‌കരിക്കാറുണ്ടായിരുന്നു. മാത്രമല്ല സ്വദഖ ബുദ്ധിമുട്ടുകളെ പ്രതിരോധിക്കുകയും അല്ലാഹുവിന്റെ കോപം തടയുകയും ചെയ്യുമെന്ന്‌ ഹദീസുകളില്‍ കാണാം. ഭൗതിക നേട്ടങ്ങള്‍ക്കുള്ള ഉപാധിയായല്ല ഈ ആരാധനാകര്‍മ്മങ്ങള്‍ അനുഷ്‌ഠിക്കേണ്ടത്‌. അപ്രകാരം അല്ലാഹുവിന്ന്‌ നേര്‍ച്ച നേരുമ്പോള്‍ ഹലാലായ ഒരുകാര്യത്തെ കരുതുന്നതില്‍ കുഴപ്പമില്ല.
നേര്‍ച്ച ഖുര്‍ആനില്‍
അല്ലാഹു പറയുന്നു. നിങ്ങള്‍ ചിലവഴിക്കുന്ന വസ്‌തുക്കളും നേര്‍ച്ചയാക്കുന്ന വസ്‌തുക്കളും അല്ലാഹു അറിയുന്നുണ്ട്‌.(അല്‍ ബഖറ 270). ഈ ആയത്തിനെ ഇബ്‌നു ജരീറു ത്വബ്‌ രി(റ) വിശദീകരിക്കുന്നു. അല്ലാഹു പറയുന്നു. നിങ്ങള്‍ ചെയ്യുന്ന എല്ലാ സ്വദഖയും, അല്ലാഹുവില്‍നിന്നുള്ള ഗുണം പ്രതീക്ഷിച്ച നല്ല പ്രവര്‍ത്തനങ്ങളോ സ്വദഖയോ ചെയ്യാന്‍ സ്വശരീരത്തെ നിര്‍ബന്ധമാക്കല്‍ കൊണ്ടുള്ള നേര്‍ച്ചയും അല്ലാഹു അറിയും. എല്ലാ പ്രവര്‍ത്തനങ്ങളും അവന്റെ അറിവോടെയേ ഉണ്ടാവുകയുള്ളൂ. ചെറുതും വലുതുമായ ഒന്നും അവന്ന്‌ അവ്യക്തമല്ല. നിങ്ങളുടെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും പ്രതിഫലം നല്‍കപ്പെടും. അല്ലാഹുവിന്റെ വജ്‌ഹ്‌ ഉദ്ദേശിച്ച്‌ ആര്‌ ചെയ്യുന്ന നേര്‍ച്ചക്കും അല്ലാഹു പ്രവര്‍ത്തനം നല്‍കും. ഇനി അവന്റെ നേര്‍ച്ചയും സ്വദഖയും അഹംഭാവത്തോടുകൂടിയാണെങ്കില്‍ അത്‌ ശൈത്വാനില്‍ നിന്നുള്ളതും അവന്‍ ശിക്ഷിക്കപ്പെടുകയും ചെയ്യും.(ത്വബ്‌രി 3/121)
സജ്ജനങ്ങളുടെ മഹത്വം വിശദീകരിച്ച്‌ കൊണ്ട്‌ അല്ലാഹു പറയുന്നു: അവന്‍ നേര്‍ച്ച നിറവേറ്റുകയും തിന്മ പാറിപ്പറക്കുന്ന ഒരു ദിവസത്തെ ഭയപ്പെടുകയും ചെയ്യും.(അദ്ദഹ്‌റ്‌ 7)
ഇമാം ഖുതുബി(റ) ഈ ആയത്തിനെ വിശദീകരിക്കുന്നത്‌. സത്യവിശ്വാസികള്‍ നേര്‍ച്ച പൂര്‍ണ്ണമായി വീട്ടുന്നവരും എതിര്‌ പ്രവര്‍ത്തിക്കാത്തവരുമാണ്‌. ആയത്ത്‌ ഇറങ്ങാനുള്ള കാരണത്തെക്കുറിച്ച്‌ ഇമാം റാസി(റ) പറയുന്നു: ഇബ്‌നു അബ്ബാസ്‌(റ) റിപ്പോര്‍ട്ട്‌ ചെയ്യുന്നു: ഹസന്‍(റ)വും ഹുസൈന്‍(റ)വും രോഗികളായപ്പോള്‍ നബി(സ്വ) ചിലര്‍ക്കൊപ്പം അവരെ സന്ദര്‍ശിച്ചു, അപ്പോള്‍ അവര്‍ അലി(റ)നോട്‌ പറഞ്ഞു. നിങ്ങള്‍ക്ക്‌ ആകുട്ടികളുടെ മേല്‍ വല്ലതും നേര്‍ച്ചയാക്കിക്കൂടെ? അങ്ങനെ അലി(റ)യും ഫാത്വിമ ബീവി(റ)യും അവരുടെ അടിമസ്‌ത്രീയും മക്കളുടെ രോഗം മാറിയാല്‍ മൂന്ന്‌ ദിവസം നോമ്പെടുക്കാന്‍ നേര്‍ച്ചയാക്കി. അല്ലാഹു അവരുടെ രോഗം ശിഫയാക്കുകയും ചെയ്‌തു. (റാസി 30/244) കശ്ശാഫിന്റെ രചയിതാവായ ഇമാം സമഖ്‌ശരി(റ)വും ഈ അഭിപ്രായം പറഞ്ഞിട്ടുണ്ട്‌. മറ്റൊരു കാര്യവുമായി നേര്‍ച്ചയെ ബന്ധിപ്പിക്കുന്ന മുജാസാത്ത്‌ അനുവദനീയമാണെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നുണ്ട്‌.
ഹന്നത്ത്‌ബീവിയുടെയും മറിയം ബീവിയുടെയും നേര്‍ച്ച
മറിയം ബീവി(റ) ഗര്‍ഭത്തിലായിരിക്കുമ്പോള്‍ മാതാവ്‌ ഹന്നത്ത്‌ ബീവി(റ) അവരെ ബൈത്തുല്‍ മുഖദ്ദിസിലേക്ക്‌ നേര്‍ച്ചയാക്കിയ സംഭവം ഖുര്‍ആനില്‍ കാണാം. ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദര്‍ഭം, എന്റെ നാഥാ എന്റെ വയറ്റിലുള്ള കുഞ്ഞിനെ ഞാനിതാ നിനക്ക്‌ ഉഴിഞ്ഞ്‌ വെക്കാന്‍ നേര്‍ച്ചയാക്കിയിരിക്കുന്നു. എന്നില്‍ നിന്നും നീ അത്‌ സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാണ്‌.(ആലു ഇംറാന്‍ 35)
പ്രസവിക്കാന്‍ തീരെ സാധ്യതയില്ലാത്ത വൃദ്ധയായിരുന്നു ഹന്നത്ത്‌ ബീവി(റ). ഒരു ദിവസം ഹന്നത്ത്‌ ബീവി(റ) മരത്തണലില്‍ ഇരിക്കുകയായിരുന്നു. അപ്പോള്‍ ഒരു പക്ഷി തന്റെ കുഞ്ഞിന്‌ തീറ്റ കൊടുക്കുന്നത്‌ അവര്‍ കാണാനിടയായി. തനിക്കും ഒരു കുഞ്ഞിനെത്തരാന്‍ ഹന്നത്ത്‌ ബീവി(റ) അല്ലാഹുവിനോട്‌ പ്രാര്‍ത്ഥിച്ചു. താന്‍ ഗര്‍ഭിണിയാണെന്ന്‌ ഹന്നത്ത്‌ ബീവിക്ക്‌ ബോധ്യമായപ്പോള്‍ അവര്‍ കുഞ്ഞിനെ ബൈത്തുല്‍ മുഖദ്ദസിലേക്ക്‌ നേര്‍ച്ചയാക്കി(റാസി 8/25)
ഹന്നത്ത്‌ ബീവി(റ) പ്രസവിച്ചത്‌ ഒരു പെണ്‍കുട്ടിയായിരുന്നു. മറിയം എന്ന്‌ അവള്‍ക്ക്‌ പേര്‌ വെച്ചു. ബൈത്തുല്‍ മുഖദ്ദസ്‌ ശുശ്രൂഷിക്കുന്നതും ആരാധനാ നിര്‍വ്വഹിക്കുന്നതുമായ സകരിയ്യാ നബി(അ)യുടെ സംരക്ഷണത്തില്‍ മറിയം ബീവി(റ) ജീവിച്ചു. അതിനിടയിലാണ്‌ ഭര്‍ത്താവില്ലാത്ത മറിയം(റ) പ്രസവിച്ചത്‌. അല്ലാഹുവിന്റെ നിശ്ചയപ്രകാരമായിരുന്നു അത്‌. ജനങ്ങളുടെ ശര്‍റില്‍നിന്നും സംരക്ഷണം ലഭിക്കാന്‍ വേണ്ടി മറിയം ബീവി(റ) നോമ്പ്‌ നേര്‍ച്ചയാക്കി.
എന്നിട്ട്‌ അത്‌ തിന്നുകയും കുടിക്കുകയും സന്തോഷിക്കുകയും ചെയ്‌തുകൊള്ളുക. ഇനി മനുഷ്യരിലാരെങ്കിലും കാണുകയാണെങ്കില്‍ അവരോട്‌ നീ ഇങ്ങനെ പറയണം: കരുണാനിധിയായ അല്ലാഹുവിന്ന്‌ മൗന വ്രതമനുഷ്‌ഠിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ട്‌. അതിനാല്‍, ഒരാളോട്‌ ഇന്ന്‌ ഞാന്‍ സംസാരിക്കുകയില്ല. (മറിയം: 26)
അക്കാലത്ത്‌ വ്രതമനുഷ്‌ഠിക്കുന്നവര്‍ സംസാരിക്കുന്നതില്‍നിന്നും ഒഴിഞ്ഞുനിന്നിരുന്നു. അതുകൊണ്ടാണല്ലോ മറിയം ബീവി(റ) മൗന വ്രതം എന്ന്‌ പറഞ്ഞ്‌ ഈസ നബി(അ)യെ ഭര്‍ത്താവില്ലാതെ പ്രസവിച്ചത്‌ കൊണ്ട്‌ ജനങ്ങള്‍ അവരോട്‌ പലരും അവരോട്‌ ചോദിച്ചാല്‍ അതില്‍നിന്നും മോചനം കിട്ടാന്‍ വേണ്ടിയാണ്‌ മറിയം ബീവി(റ) ഈ വ്രതം നേര്‍ച്ചയാക്കിയത്‌.
ഇതില്‍ നിന്നൊക്കെ നേര്‍ച്ചയാക്കിയാല്‍ അത്‌ വീട്ടല്‍ അനിവാര്യമാണെന്ന്‌ വ്യക്തമായി. മുന്‍കാല ശരീഅത്തിലും നേര്‍ച്ച ഉണ്ടായിരുന്നെന്ന്‌ സാരം.
നേര്‍ച്ച ഹദീസുകളില്‍
നേര്‍ച്ചയാക്കിയാല്‍ അത്‌ പൂര്‍ത്തിയാക്കിവീട്ടണമെന്ന്‌ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്‌. സിയാദു ബ്‌നു ജുബൈറില്‍(റ) നിന്ന്‌ നിവേദനം അദ്ദേഹം പറയുന്നു: ഞാന്‍ ഇബ്‌നു ഉമര്‍(റ)വിന്‍െ കൂടെയായിരുന്നു. അപ്പോള്‍ ഒരാള്‍ അദ്ദേഹത്തോട്‌ ഞാന്‍ എല്ലാമാസവും പതിമൂന്നിനും പതിനാലിന്നും നോമ്പനുഷ്‌ഠിക്കാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ടെന്നും അതേ ദിവസം പെരുന്നാള്‍ ദിവസമായി വന്നെന്നും പറഞ്ഞു. അദ്ദേഹം പറഞ്ഞു: അല്ലാഹും നേര്‍ച്ചയെ പൂര്‍ത്തിയാക്കിവീട്ടാന്‍ കല്‍പ്പിച്ചിട്ടുണ്ട്‌. പെരുന്നാള്‍ ദിവസം നോമ്പനുഷ്‌ഠിക്കുന്നതിനെ വിലക്കിയിട്ടുമുണ്ട്‌.(ബുഖാരി 2/992)
നല്ലകാര്യം ചെയ്യാന്‍ തീരുമാനമെടുക്കല്‍ തന്നെ പുണ്യകര്‍മ്മമാണ്‌. അല്ലാഹു പറഞ്ഞതായി നബി(സ്വ) പറയുന്നു: എന്റെ അടിമ ഒരു നന്മ ചെയ്യുമെന്ന്‌ പറയുകയും അവന്‍ അത്‌ ചെയ്യാതിരിക്കുകയും ചെയ്‌താല്‍ തന്നെയും അവന്ന്‌ ഒരു സല്‍പ്രവര്‍ത്തനത്തിന്റെ പ്രതിഫലം ഞാന്‍ നല്‍കുന്നതാണ്‌. (മുസ്‌്‌ലിം 1/78) അപ്രകാരം തെറ്റായ കാര്യത്തിന്ന്‌ വകവെച്ച്‌ കൊടുക്കല്‍ തെറ്റാണ്‌. പുണ്യകര്‍മ്മത്തിന്ന്‌ വകവെച്ചുകൊടുക്കുമ്പോഴേ നേര്‍ച്ച അനുവദനീയമാവുയുള്ളൂ. നബി(സ്വ) പറയുന്നു: അല്ലാഹുവിനെ വഴിപ്പെടാന്‍ ഒരാള്‍ നേര്‍ച്ചയാക്കിയാല്‍ വഴിപ്പെട്ടുകൊള്ളട്ടെ. അവന്ന്‌ ദോഷംചെയ്യാന്‍ നേര്‍ച്ചയാക്കിയാല്‍ ദോഷം ചെയ്യരുത്‌(ബുഖാരി 2/991)
തെറ്റായ നേര്‍ച്ച വീട്ടരുതെന്ന്‌ നബി(സ്വ) പഠിപ്പിച്ചിട്ടുണ്ട്‌. ജാഹിലിയ്യാകാലത്തെ നേര്‍ച്ചകളെ നിരോധിച്ചത്‌ അത്‌ കൊണ്ടാണ്‌. ഇബ്‌നു അബ്ബാസി(റ)ല്‍ നിന്ന്‌ നിവേദനം. നബി(സ്വ) ത്വവാഫ്‌ ചെയ്യവെ മൂക്കില്‍്‌ വട്ടക്കണ്ണി അണിഞ്ഞ വ്യക്തി അരികിലൂടെ നടന്നപ്പോള്‍ നബി(സ്വ) അത്‌ ഊരിയെടുത്ത്‌ കയ്യിലണിയാന്‍ കല്‍പ്പിച്ചു(ബുഖാരി 2/991) അദ്ദേഹം വട്ടക്കണ്ണി മൂക്കിലണിയാന്‍ നേര്‍ച്ചയാക്കിയിരുന്നുവെന്ന്‌ ഇബ്‌നു ഹജര്‍(റ) വ്യക്തമാക്കുന്നു.(ഫത്‌ഹുല്‍ ബാരി11/ 722). നല്ലകാര്യം കൊണ്ടുള്ള നേര്‍ച്ചവീട്ടാനും അനാവശ്യ നേര്‍ച്ചകള്‍ വെടിയാനും നബി(സ്വ) കല്‍പ്പിച്ചിട്ടുണ്ട്‌. ഇബ്‌നു അബ്ബാസ്‌(റ) വില്‍നിന്ന്‌ നിവേദനം നബി(സ്വ) പറയുന്നു: അദ്ദേഹം പറയുന്നു. നബി(സ്വ) ഖുതുബ ഓതുമ്പോള്‍ ഒരാള്‍ നില്‍ക്കുന്നത്‌ നബി(സ്വ)യുടെ ശ്രദ്ധയില്‍ പെട്ടു. പിന്നീട്‌ അയാളെപ്പറ്റി ചോദിച്ചപ്പോള്‍ സ്വഹാബാക്കള്‍ പറഞ്ഞു. അദ്ദേഹം നില്‍ക്കാനും തണല്‍ കൊള്ളാതിരിക്കാനും സംസാരിക്കാതിരിക്കാനും നോമ്പെടുക്കാനും നേര്‍ച്ചയാക്കിയ വ്യക്തിയാണ്‌. അപ്പോള്‍ നബി(സ്വ) പറഞ്ഞു: അവനോട്‌ സംസാരിക്കാനും തണല്‍ കൊള്ളാനും ഇരിക്കാനും പറയുക. അവന്‍ അവന്റെ നോമ്പ്‌ പൂര്‍ത്തിയാക്കി വീട്ടട്ടെ. (ബുഖാരി 2/991)
നടന്ന്‌ ഹജ്ജ്‌ ചെയ്യാന്‍ നേര്‍ച്ചയാക്കിയ സ്‌ത്രീയോട്‌ വാഹനത്തില്‍ യാത്രചെയ്‌ത്‌ ഹജ്ജ്‌ നിര്‍വ്വഹിക്കാന്‍ നബി(സ്വ) പറഞ്ഞിട്ടുണ്ട്‌. (അബൂദാവൂദ്‌ 2468) രണ്ട്‌ മക്കള്‍ക്കിടയില്‍ ചാരണം കൊടുത്തു നടക്കുന്ന ഒരു വൃദ്ധനെ കണ്ടപ്പോള്‍ നബി(സ്വ) അയാളെക്കുറിച്ചന്വേഷിച്ചു. അദ്ദേഹം നടക്കാന്‍ നേര്‍ച്ചയാക്കിയിട്ടുണ്ടെന്ന്‌ അവര്‍ പറഞ്ഞപ്പോള്‍ അദ്ദേഹം ശരീരത്തെ ബുദ്ധിമുട്ടിക്കുന്നതിനെത്തൊട്ട്‌ അല്ലാഹു ഐശ്വര്യവാനാണെന്ന്‌ പറഞ്ഞ്‌ നബി(സ്വ) അദ്ദേഹത്തോട്‌ വാഹനം കയറാന്‍ കല്‍പ്പിച്ചു.(ബുഖാരി 1/251)
മറ്റൊരാളുടെ ഉടമസഥതയിലുള്ളവ സ്വദഖചെയ്യാന്‍ പറ്റാത്തതുപോലെ നേര്‍ച്ചയാക്കലും അനുവദനീയമല്ല. കൈകാര്യ ചെയ്യാന്‍ പറ്റിയവ സ്വദഖ ചെയ്യല്‍ അനുവദനീയമായത്‌ പോലെ അവ നേര്‍ച്ചയാക്കലും അനുവദനീയമാകുന്നതാണ്‌.
സാബിത്തുബ്‌നു ളഹ്‌ഹാക്കി(റ)ല്‍നിന്ന്‌ നിവേദനം അദ്ദേഹം പറയുന്നു: നബി(സ്വ)യുടെ കാലത്ത്‌ ഒരാള്‍ ബുവാന എന്ന പ്രദേശത്ത്‌ വെച്ച്‌ ഒരു മൃഗത്തെ അറുക്കാന്‍ നേര്‍ച്ചയാക്കി. അദ്ദേഹം അത്‌ നബി(സ്വ)യോട്‌ പറഞ്ഞപ്പോള്‍ അവിടുന്ന്‌ അത്‌ ജാഹിലിയ്യാകാലത്തെ വിഗ്രഹങ്ങള്‍ക്കോ ആഘോഷങ്ങള്‍ക്കോ വേണ്ടിയുള്ള നേര്‍ച്ചയാണോ എന്നന്വേഷിച്ചു. അല്ലെന്ന്‌ പറഞ്ഞപ്പോള്‍ നേര്‍ച്ച പൂര്‍ത്തിയാക്കിവീട്ടാന്‍ അവിടുന്ന്‌ കല്‍പ്പിച്ചു. എന്നിട്ട്‌ നബി(സ്വ) പറഞ്ഞു: തെറ്റായ കാര്യത്തിലുള്ള നേര്‍ച്ച വീട്ടേണ്ടതില്ല. അപ്രകാരം ഉടമസ്ഥതയില്ലാത്ത നേര്‍ച്ചയും.(അബൂദാവൂദ്‌ 2/469)
ഇപ്രകാരം ജാഹിലിയ്യാ കാലത്ത്‌ ചെയ്‌തുവരുന്ന പോലെ ഒരു പ്രത്യേക സ്ഥലത്ത്‌ വെച്ച്‌ ദഫ്‌ മുട്ടാന്‍ നബി(സ്വ)യോട്‌ ഒരു സ്‌ത്രീ അനുവാദം ചോദിച്ചപ്പോള്‍ അത്‌ ശിര്‍ക്കല്ലെന്ന്‌ ഉറപ്പുവരുത്തിയ ശേഷം നബി(സ്വ) ആ സ്‌ത്രീക്ക്‌ നേര്‍ച്ച വീട്ടാന്‍ സമ്മതം നല്‍കുകയുണ്ടായി. (അബൂദാവൂദ്‌, മിശ്‌ക്കാത്ത്‌ 298)
നല്ല ഉദ്ദേശത്തോടുകൂടി ദഫ്‌ മുട്ടല്‍ അനുവദനീയമാണെന്നാണ്‌ ഇത്‌ അര്‍ത്ഥമാക്കുന്നത്‌. അല്ലാഹുവിന്റെ വലിയ്യുകളെക്കുറിച്ചുള്ള സ്‌മരണകളടങ്ങിയ മദ്‌ഹുകള്‍ ചൊല്ലുമ്പോഴും മറ്റു സന്തോഷ സന്ദര്‍ഭങ്ങളിലുമൊക്കെ ദഫ്‌ മുട്ടല്‍ നല്ലകാര്യംകൂടിയാണ്‌.
ജാഹിലിയ്യാ കാലത്ത്‌ നേര്‍ച്ചയാക്കിയ കാര്യങ്ങള്‍ ഇസ്‌്‌ലാമിന്റെ ഹുകുമുമായി ഒത്തുവന്നാല്‍ ആ നേര്‍ച്ച വീട്ടുന്നതില്‍ തെറ്റില്ല. ജാഹിലിയ്യാ കാലത്ത്‌ ഇഅ്‌തികാഫിരിക്കാന്‍ നേര്‍ച്ചയാക്കിയ വ്യക്തിയോട്‌ നബി(സ്വ) വീട്ടാന്‍ കല്‍പ്പിച്ചിട്ടുണ്ട്‌. (ബുഖാരി 2/991)
ജാഹിലിയ്യാ കാലത്തെ നേര്‍ച്ച വീട്ടാതിരിക്കല്‍ തെറ്റാണ്‌. അല്ലാഹുവോട്‌ ഞാന്‍ ഈ പുണ്യകര്‍മ്മം ചെയ്യുമെന്ന്‌ ഉറപ്പിച്ചു പറഞ്ഞ ശേഷം അതില്‍നിന്നും പിന്‍മാറുന്നത്‌ വാഗ്‌ദത്ത ലംഘനം കൂടിയാണല്ലോ. പില്‍ക്കാലങ്ങളില്‍ നേര്‍ച്ച പൂര്‍ത്തിയാക്കി വീട്ടാത്ത പലരും വരുമെന്ന്‌ നബി(സ്വ) മുന്നറിയിപ്പ്‌ നല്‍കുന്നു. ഏറ്റവും ഉത്തമമായ നൂറ്റാണ്ട്‌ എന്റെ നൂറ്റാണ്ടാണ്‌. പിന്നെ അതിനോട്‌ അടുത്ത നൂറ്റാണ്ടും പിന്നെ അതിനോട്‌ അടുത്ത നൂറ്റാണ്ടും. പിന്നീട്‌ ഒരു വിഭാഗം വരും അവര്‍ നേര്‍ച്ചയാക്കും എന്നാല്‍ അത്‌ വീട്ടുകയില്ല. അവര്‍ വഞ്ചിക്കുന്നവരും. വിശ്വസിക്കപ്പെടാത്തവരുമാണ്‌. അവര്‍ സാക്ഷിപറയുന്നവരും സാക്ഷി സ്വീകരിക്കപ്പെടാത്തവരുമാണ്‌. ഭൗതികാസക്തിയുള്ളവരാണവര്‍(ബുഖാരി 2/990)
Kadappad  :AHLUSSUNNAH online

26/10/2017

നേർച്ചയുടെ കർമ്മ ശാസ്ത്രം..


നേര്‍ച്ച എന്ന പദത്തിന്റെ അറബി ശബ്ദം നദ്‌റ് എന്നാണ്. വാഗ്ദാനം ചെയ്യുക എന്നാണ് ഇതിന്റെ ഭാഷാര്‍ത്ഥം. നിര്‍ബന്ധമല്ലാത്ത ഒരു പുണ്യം കര്‍മം ചെയ്യാന്‍ സ്വയം ബാധ്യത ഏല്‍ക്കുക എന്നതാണ് സാങ്കേതികാര്‍ത്ഥം. ഖുര്‍ആന്‍, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നീ നാലു പ്രമാണങ്ങള്‍കൊണ്ടും നേര്‍ച്ച സുന്നത്താണെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാല്‍, പദമുച്ചരിച്ചതുകൊണ്ടു മാത്രമേ ഇത് ബാധ്യതയാവുകയുള്ളൂ; കരുതിയതുകൊണ്ട് മാത്രമാവുകയില്ല. എന്നാലും, പുണ്യകര്‍മങ്ങള്‍ പ്രവര്‍ത്തിക്കാന്‍ കരുതിയാല്‍തന്നെ ആ കരുത്ത് നടപ്പാക്കല്‍ ബലപ്പെട്ട സുന്നത്താണ്. നല്ല കാര്യങ്ങള്‍ കരുതി അത് പ്രവര്‍ത്തിക്കാത്തവരെക്കുറിച്ച് ശര്‍ഇല്‍ കടുത്ത ആക്ഷേപം വന്നിട്ടുണ്ട്. കരുതലോടുകൂടെയുള്ള എഴുത്തുകൊണ്ടും സംസാര ശേഷിയില്ലാത്തവന്റെ ആംഗ്യംകൊണ്ടും നേര്‍ച്ച സംഭവിക്കും.പ്രായപൂര്‍ത്തിയും ബുദ്ധിയും വിവേകവുമുള്ള മുസ്‌ലിംകളില്‍ നിന്നേ നേര്‍ച്ച സാധുവാകൂ. കുട്ടികള്‍, ഭ്രാന്തന്‍, അമുസ്‌ലിം, വിഡ്ഢി എന്നിവരുടെ നേര്‍ച്ച അസാധുവാണ്. സുന്നത്തോ ഫര്‍ള് കിഫായ (സാമൂഹിക ബാധ്യത) യോ ആയ ഏതു കാര്യവും നേര്‍ച്ചയാക്കാം. നേര്‍ച്ചയാക്കലോടുകൂടി അക്കാര്യം നിര്‍ബന്ധബാധ്യതയായി. പ്രവര്‍ത്തിച്ചാല്‍ ഫര്‍ളിന്റെ പ്രതിഫലവും ഉപേക്ഷിച്ചാല്‍ കുറ്റവും ലഭിക്കും. നിഷിദ്ധമോ കറാഹത്തോ അനുവദനീയമോ ആയ കാര്യങ്ങള്‍ നേര്‍ച്ചയാക്കല്‍ സാധുവല്ല. ഫര്‍ള് ഐന്‍ (വ്യക്തിപരമായ നിര്‍ബന്ധം) ആയ കാര്യം നേര്‍ച്ചയാക്കലും സ്വഹീഹല്ല. കാരണം, അത് ആദ്യമേ ഇസ്‌ലാം നിര്‍ബന്ധമാക്കിയതാണ്. പിന്നെ, നേര്‍ച്ചകൊണ്ട് നിര്‍ബന്ധമാവുകയെന്നതിന് അര്‍ത്ഥമില്ല (ഇആനത്ത്: 2/351).നേര്‍ച്ച രണ്ടുവിധമാണ്. ഒന്ന്: സംഭവിക്കാന്‍ ആഗ്രഹമുള്ള ഒരു കാര്യത്തിനോട് ബന്ധപ്പെടുത്തിക്കൊണ്ടുള്ള നേര്‍ച്ച. ഇത് കറാഹത്താണ്. തര്‍ക്ക സമയത്താണ് സാധാരണ ഈ നേര്‍ച്ച സംഭവിക്കുന്നത് എന്നതുകൊണ്ട് ലജാജിന്റെ നേര്‍ച്ച എന്നാണ് ഇത് അറിയപ്പെടുന്നത്. ഉദാഹരണം: ഒരാള്‍, ഞാന്‍ റഫീഖിനോട് സംസാരിച്ചാല്‍ അല്ലാഹുവിനുവേണ്ടി നോമ്പനുഷ്ഠിക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്നു പറയല്‍.  റഫീഖിനോട് സംസാരിക്കുകയെന്നത് സംഭവിക്കരുതെന്നാണ് പറയുന്ന ആളുടെ ആഗ്രഹം.ഇത്തരം കറാഹത്തിന്റെ ഇനത്തില്‍പെട്ട നേര്‍ച്ചയില്‍ ബന്ധിപ്പിക്കപ്പെട്ട കാര്യമുണ്ടായാല്‍ (റഫീഖിനോട് സംസാരിച്ചാല്‍) നേര്‍ച്ചയില്‍ പറഞ്ഞ നോമ്പനുഷ്ഠിക്കലോ സത്യത്തിന്റെ പ്രയശ്ചിത്തമോ നിര്‍ബന്ധമാകും (തുഹ്ഫ: 10/69). മുഅ്മിനായ അടിമയെ മോചിപ്പിക്കുകയോ, പ്രായശ്ചിത്തം നല്‍കുന്നവന്റെ നാട്ടിലെ മുഖ്യാഹാരത്തില്‍നിന്ന് പത്തു സാധുക്കള്‍ക്ക് ഓരോ മുദ്ദ് (600 ഗ്രാം) വീതം നല്‍കുകയോ പത്തു മിസ്‌കീന്‍മാര്‍ക്ക് വസ്ത്രം നല്‍കുകയോ ചെയ്യലാണ് പ്രായശ്ചിത്തം. ഈ വിവരിച്ച മൂന്നുകാര്യങ്ങളും ചെയ്യാന്‍ സാധിക്കാതെ വന്നാല്‍ മൂന്നു നോമ്പനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ് (തുഹ്ഫ: 10/18).രണ്ട്: തബര്‍റുകിന്റെ നേര്‍ച്ച. ഇതു സുന്നത്താണ്. നിരുപാധിക വാക്കുകള്‍കൊണ്ടും, ഉപാധിസഹിതമുള്ള വാക്കുകള്‍കൊണ്ടും ഈ നേര്‍ച്ച പരിഗണിക്കപ്പെടും. സംഭവിച്ചുകിട്ടല്‍ വളരെ ആഗ്രഹമുള്ള ഒരു കാര്യത്തിനോട് ബന്ധിപ്പിക്കലാണ് ഇവിടത്തെ ഉപാധി (ശര്‍വാനി: 10/71).മറ്റൊന്നിനോടും ബന്ധിപ്പിക്കാതെ ഒരു പുണ്യകര്‍മം നിര്‍ബന്ധമാക്കിത്തീര്‍ക്കലാണ് നിരുപാധിക നേര്‍ച്ച. വിത്ര്‍ നിസ്‌കരിക്കാന്‍ ഞാന്‍ നേര്‍ച്ചയാക്കി, നോമ്പ് അനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി പോലെയുള്ള പദങ്ങള്‍ നിരുപാധിക നേര്‍ച്ചയുടെ ഉദാഹരണങ്ങളാണ്. റക്അത്തിന്റെ എണ്ണം നിര്‍ണയിക്കാതെ നിസ്‌കാരം നേര്‍ച്ചയാക്കിയാല്‍ രണ്ടു റക്അത്താണ് നിര്‍ബന്ധമാവുക. ഇന്ന വ്യാഴം എന്ന് നിജപ്പെടുത്താതെ വ്യായാഴ്ച നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ഏതെങ്കിലും ഒരു വ്യായാഴ്ച നോമ്പ് പിടിച്ചാല്‍ മതി.നിശ്ചിത ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കിയാല്‍ ആ ദിവസത്തിനു മുമ്പു അനുഷ്ഠിച്ചാല്‍ മതിയാവുകയില്ല. അഥവാ, അനുഷ്ഠിച്ചാല്‍ അവന്‍ കുറ്റക്കാരനായിത്തീരുകയും ചെയ്യും. കാരണം കൂടാതെ നോമ്പ് പിന്തിക്കലും അനുവദനീയമല്ല. പിന്തിച്ചാല്‍ ഖളാആയി സാധുവാകും. വാചകം മൊഴിയുന്നതോടെത്തന്നെ നിരുപാധിക  നേര്‍ച്ചയുടെ (ഒരു കാര്യത്തോടും ബന്ധപ്പെടുത്താത്തത്) സമയം പ്രവേശിക്കുന്നതാണ് (നിഹായ: 8/222, ശര്‍വാനി: 10/75).ഒരു സ്ത്രീ തുടര്‍ച്ചയായി 15 ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി. പക്ഷെ, രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ആര്‍ത്തവമുണ്ടായി. എങ്കില്‍ ശുദ്ധിയായതിനു ശേഷം ബാക്കിയുള്ള ദിവസങ്ങള്‍ക്കൂടി നോറ്റ് എണ്ണം പൂര്‍ത്തിയാക്കിയാല്‍ മതി. ആര്‍ത്തവം കൊണ്ട് തുടര്‍ച്ച മുറിയുന്നതല്ല. അതേസമയം, രോഗം, യാത്ര എന്നിവകൊണ്ട് തുടര്‍ച്ച പാലിക്കാന്‍ പറ്റാതെ വന്നാല്‍ തുടര്‍ച്ച മുറിയുന്നതും ശേഷം തുടര്‍ച്ചയായിത്തന്നെ  പതിനഞ്ചുദിവസം രണ്ടാമതു തുടങ്ങി പൂര്‍ത്തിയാക്കേണ്ടതുമാണ് (തുഹ്ഫ: 10/83, ശര്‍വാനി സഹിതം).ഒരു സ്ത്രീ ഒരു  നിശ്ചിത ദിവസം നോമ്പനുഷ്ഠിക്കാന്‍ നേര്‍ച്ചയാക്കി. (ഉദാ: മുഹര്‍റം: 10) പക്ഷെ, പ്രസ്തുത ദിവസം അവള്‍ ആര്‍ത്തവ കാരിയായി. എന്നാല്‍, ആ നോമ്പ് ഒഴിവായി. അഥവാ, ഇനി അത് ഖളാ വീട്ടേണ്ടതില്ല. എന്നാല്‍, ആ ദിവസം രോഗ ബാധിതയായതുമൂലമാണ് നോമ്പനുഷ്ഠിക്കാന്‍ കഴിയാതെ വന്നതെങ്കില്‍ മറ്റൊരു ദിവസം ഖളാ വീട്ടണം. ഇക്കാര്യം ഇബ്‌നു ഹജര്‍ തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗ ദിവസം നോമ്പ് സാധുവാണെന്നതും ആര്‍ത്തവ ദിവസം നോമ്പ് സാധുവല്ലെന്നതുമാണ് ഇത് രണ്ടും തമ്മിലുള്ള വിത്യാസം (തുഹ്ഫ: 10/82).ശുഹദാഅ്, ഔലിയാഅ് തുടങ്ങിയ മഹത്തുക്കളുടെ മഖ്ബറകളിലേക്കു നേര്‍ച്ചയാക്കപ്പെട്ടതു അവിടെ പതിവായി നടന്നുവരുന്ന കീഴ്‌വഴക്കമനുസരിച്ചു പ്രവര്‍ത്തിക്കണം. ഒരു പതിവും ഇല്ലെങ്കില്‍ മുസ്‌ലിംകളുടെ നന്മയുടെ കാര്യത്തില്‍ ചെലവഴിക്കണം. നേര്‍ച്ച സമര്‍പ്പിച്ചയാളുടെ ഉദ്ദേശ്യം വ്യക്തമായി അറിയപ്പെട്ടിട്ടില്ലായെങ്കിലാണീ പറഞ്ഞത് (ഫതാവല്‍ കുബ്‌റ: 4/268).ഈ ആടിനെ ഞാന്‍ നേര്‍ച്ചയാക്കി എന്നു പറഞ്ഞ്,  നേര്‍ച്ച ഒരു പ്രത്യേക ആടിനോട് ബന്ധിപ്പിച്ചാല്‍  അതിനെത്തന്നെ നേര്‍ച്ച വസ്തുവായി കൊടുക്കേണ്ടി വരും. പകരം മറ്റൊന്നും നല്‍കാവുന്നതല്ല. എന്നാല്‍, തന്റെ വീഴ്ച കൂടാതെ ആട് നശിച്ചാല്‍ അയാള്‍ ഉത്തരവാദിയല്ല. മറ്റൊന്നും പകരം നല്‍കേണ്ടതുമില്ല. എന്നാല്‍, ബദ്‌രീങ്ങളുടെ ആണ്ടിലേക്കോ മറ്റോ ഒരു ആടിനെ അല്ലെങ്കില്‍ ഒരു കോഴിയെ നേര്‍ച്ചയാക്കുകയും പിന്നീട് ഒരു മൃഗത്തെ നിജപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അത് നശിച്ചാല്‍ ഉത്തരവാദിത്തം ഒഴിവാകില്ല. മറ്റൊന്ന് പകരം വെക്കണം. മരണപ്പെട്ടവരുടെ പേരിലോ അവരുടെ മഖ്ബറകളിലേക്കോ സ്വദഖ ചെയ്യാന്‍ നേര്‍ച്ചയാക്കിയാല്‍ പതിവ് സമ്പ്രദായമാണ് പരിഗണിക്കേണ്ടത്. രിഫാഈ ശൈഖ്, സുലൈമാന്‍ നബി തുടങ്ങിയവരുടെ പേരില്‍ കോഴിയോ മറ്റോ നേര്‍ച്ചയാക്കുകയും നേര്‍ച്ച നേര്‍ന്നവന്‍ വല്ലവരെയും വിളിച്ച് ദുആ ചെയ്യിപ്പിക്കുകയും അനന്തരം അവരോടൊപ്പം നേര്‍ച്ച നേര്‍ന്നയാളും വീട്ടുകാരും ഭക്ഷിക്കുന്നതാണ് ഇന്ന് നമ്മുടെ നാട്ടിലെ പതിവ്. ഈ വഴക്കമാണ് സ്വീകരിക്കേണ്ടത് (തുഹ്ഫ: 10/100 നോക്കുക). ഉപാധി വെച്ചുള്ള നേര്‍ച്ചയില്‍ ഉദ്ദിഷ്ടകാര്യം സാധിക്കുമ്പോള്‍ മാത്രം നേര്‍ച്ച വീട്ടിയാല്‍ മതി (തുഹ്ഫ: 10/74). രോഗം സുഖപ്പെട്ടാല്‍ പിന്നെ പിന്തിപ്പിക്കാവുന്നതല്ല. വേഗത്തില്‍ നേര്‍ച്ച വീട്ടല്‍ നിര്‍ബന്ധമാണ്. ഒരു നിശ്ചിത വ്യക്തിക്ക് നേര്‍ച്ചയാക്കുകയും അവന്‍ ആവശ്യപ്പെടുകയും ചെയ്താലാണിത്. അല്ലെങ്കില്‍ വേഗത്തിലാവല്‍ നിര്‍ബന്ധമില്ല (നിഹായ: 8/221, ശര്‍വാനി: 10/74).നിരുപോധികം, സോപാധികം എന്നീ രണ്ടു തരം നേര്‍ച്ചയിലും നേര്‍ച്ചയാക്കപ്പെട്ട വ്യക്തി അത് സ്വീകരിക്കലും കൈപറ്റലും നിര്‍ബന്ധമില്ല. എങ്കിലും അദ്ദേഹം അത് നിരസിക്കാതിരിക്കല്‍ നിര്‍ബന്ധമാണ് (ഫത്ഹുല്‍ മുഈന്‍: 225).ഒരാള്‍ തനിക്കുണ്ടായ കുഞ്ഞിന് സുന്നത്തായ (മുഹമ്മദ്, അബ്ദുല്ല, അഹ്മദ് പോലെ) പേരിടണമെന്ന് നേര്‍ച്ചയാക്കിയാല്‍ ആ നേര്‍ച്ച സാധുവാകുന്നതും ആ പേര്തന്നെ കുഞ്ഞിന് നല്‍കേണ്ടതുമാണ് (ഹാശിയത്തുന്നിഹായ: 8/221, ശര്‍വാനി: 10/71). പുണ്യാത്മാക്കളുടെ ഖബറിന്മേല്‍ വസ്ത്രം കൊണ്ടുപോയി വെക്കുകയും ബറക്കത്തെടുക്കുകയും ചെയ്യുന്ന ജാറം മൂടല്‍ പുണ്യകര്‍മമാണ്. ജാറം മൂടലിന്റെ ഉദ്ദേശ്യങ്ങളിലൊന്ന് പ്രസ്തുത വസ്ത്രം സ്വദഖ ചെയ്യലാണ്. ഇതു സുന്നത്താണ്. ജാറം മൂടാന്‍ നേര്‍ച്ചയാക്കാവുന്നതും  നേര്‍ച്ചയാക്കിയാല്‍ അത് ചെയ്യല്‍ നിര്‍ബന്ധവുമാണ് (റൂഹുല്‍ ബയാന്‍: 3/400, ഫതാവാ സുയൂഥി: 2/31 കാണുക)

നേർച്ച

നേര്‍ച്ച

നിര്‍ബന്ധമില്ലാത്ത ഒരു ആരാധനയെ ബാധ്യതയാക്കുന്നതിന് സാങ്കേതികമായി നേര്‍ച്ച എന്നു പറയുന്നു. ഇത് അല്ലാഹുവിനുള്ള ആരാധനയാണ്. നേര്‍ച്ചയില്‍ പ്രവാചകന്മാ രെയോ മഹാത്മാക്കളെയോ വസീലയാക്കി അവര്‍ മുഖേന നേര്‍ച്ച നേരുന്നതിനും വിരോധമില്ല. മുഹ്യിദ്ദീന്‍ ശൈഖിന് നേര്‍ച്ചയാക്കിയെന്ന് പറയുന്നത് തെറ്റാകുന്നില്ല. സ്വദഖഃ യുടെ പ്രതിഫലം മുഹ്യുദ്ദീന്‍ ശൈഖിന് ഹദ്യ ചെയ്യുകയും അത് തവസ്സു ലാക്കി അല്ലാഹുവോട് പ്രാര്‍ഥിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം. മരണപ്പെട്ടവര്‍ക്കുവേണ്ടി സ്വദഖഃ ചെയ്താല്‍ അതിന്റെ ഫലം അവര്‍ക്കെത്തുമെന്ന് ഇബ്നുതൈമിയ്യഃ തന്നെ പറ ഞ്ഞിട്ടുണ്ട്. ഈ രീതി ഇസ്ലാമികമായി പണ്ഢിതന്മാര്‍ അംഗീകരിച്ചാണ്.ഇബ്നുഹജറുല്‍ ഹൈതമി (റ) പറയുന്നു: “വലിയ്യിനുള്ള നേര്‍ച്ച എന്നതുകൊണ്ടു ദ്ദേശ്യം സാധാരണഗതിയില്‍ അദ്ദേഹത്തിന്റെ പേരില്‍ ദരിദ്രര്‍ക്കും ഖബ്റിന്റെ പരിപാലകര്‍ക്കു മുള്ള സ്വദഖഃയാണ്. നേര്‍ച്ച നേരുന്ന വ്യക്തി ഇത് ഉദ്ദേശിച്ചാലും ഇല്ലെങ്കിലും നേര്‍ച്ച സ്വഹീഹാകുന്നതാണ്’ (ഫതാവല്‍ കുബ്റ, 4/284).“സഅ്ദുബ്നു ഉബാദഃ (റ) യില്‍ നിന്ന് നിവേദനം: അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെ തിരുദൂതരേ, എന്റെ ഉമ്മ മരണപ്പെട്ടിരിക്കുന്നു. ഏത് സ്വദഖഃ ചെയ്യുന്നതാണ് ഏറ്റവും ശ്രേഷ്ഠം? നബി (സ്വ) പറഞ്ഞു: വെള്ളമാകുന്നു. അങ്ങനെ അദ്ദേഹം ഒരു കിണര്‍ കുഴിച്ചു ഇപ്രകാരം പറഞ്ഞു; ഇത് ഉമ്മു സഅ്ദിനുള്ളതാകുന്നു” (അബൂവാദൂദ് 8/229).അനസ് (റ) ല്‍ നിന്ന് നിവേദനം: അദ്ദേഹം നബി (സ്വ) യോട് ഇപ്രകാരം പറഞ്ഞു: “എന്റെ മാതാവ് മരണപ്പെട്ടു. അവര്‍ വസ്വിയ്യത്തൊന്നും ചെയ്തിട്ടില്ല. അവര്‍ക്ക് വേണ്ടി ഞാന്‍ എന്തെങ്കിലും സ്വദഖഃ നല്‍കിയാല്‍ ഉപകരിക്കുമോ?” നബി (സ്വ) പറഞ്ഞു: “അതേ, നീ വെള്ളം സ്വദഖഃ ചെയ്യുക” (ത്വബറാനി).ഇമാം സ്വാവി (റ) പറഞ്ഞു: “അല്ലാഹുവിനുവേണ്ടി ബലി നല്‍കി അതിന്റെ പ്രതിഫലം വലിയ്യിന് ലഭിക്കണമെന്ന് ഉദ്ദേശിക്കുന്നതിന് വിരോധമില്ല” (സ്വാവി 1/266). തഫ്സീര്‍ റൂഹുല്‍ ബയാനില്‍ തൌബഃ സൂറത്തിലെ പതിനെട്ടാം സൂക്തത്തിന്റെ വ്യാഖ്യാനത്തില്‍ കാണുന്നു: “ഔലിയാക്കളുടെ ഖബറിനു സമീപം വിളക്കു കത്തിക്കാന്‍ എണ്ണ, നെയ്യ് എന്നിവ നേര്‍ച്ച നേരുന്നത് അവരോടുള്ള സ്നേഹവും ബഹുമാനവും നിമിത്തമാ ണെങ്കില്‍ അനുവദനീയമാകുന്നു ഇത് തടയേണ്ട യാതൊരാവശ്യവുമില്ല” (3/400).“നബി (സ്വ) ക്കും മുഹ്യിദ്ദീന്‍ ശൈഖിനുമുള്ള നേര്‍ച്ചകള്‍ നേര്‍ച്ചയാക്കിയവന്റെ ഉ ദ്ദേശ്യം അറിയില്ലെങ്കില്‍ സാധാരണ ഇത്തരം നേര്‍ച്ചകള്‍ എന്തിനാണോ വിനിയോഗിക്കു ന്നത് ആ ആവശ്യത്തിലേക്ക് നീക്കണം. നബി (സ്വ) യുടെ ഖബര്‍ശരീഫിന്റെ നന്മക്കു വേ ണ്ടിയോ പള്ളിക്കുവേണ്ടിയോ നാട്ടുകാര്‍ക്കുവേണ്ടിയോ നേര്‍ച്ച വസ്തു വിനിയോഗി ക്കുന്ന പതിവുണ്ടെങ്കില്‍ പ്രസ്തുത നേര്‍ച്ചയും ഈ വഴിയില്‍ ഉപയോഗിക്കണം”(ഫതാ വല്‍ കുബ്റ, 4/268

ബ്രിട്ടീഷ്‌ ചാരന്മാർ എന്ന വിളി ചേരുന്നത് ആർക്കാണ്.?

    ആരാണ് ബ്രിട്ടീഷ്‌ ചാരന്മാർ സമസ്‌തയെ കുറിച്ച് മു "ജാഹിൽ" വിഭാഗം വരക്കൽ തങ്ങളെ അടക്കം ബ്രിട്ടീഷ് ചാരൻ എന്ന് മുദ്ര കുത്തി മോശമ...